എന്നും ചുവക്കുന്ന പ്രണയത്തെ കുറിച്ച്...
...ഒരേ കടൽ ...
നിന്റെ സ്നിഗ്ധമാം കൈവിരൽ
ചേർത്തു ഞാൻ മയങ്ങവേ
അണയുന്നു നെഞ്ചിലെ
അഴലിന്റെ കനലുകൾ
നിന്റെ നിയതമാം വാക്കിന്റെ
ആശ്വാസ കമ്പളം പുതക്കവേ
അറിയുന്നു ഞാൻ എന്നിലെ
മുഗ്ധസ്നേഹത്തെ...
അലിയുമ്പോൾ നീ എന്നിലലിയുമ്പോൾ
അറിയുന്നു ഞാനറിയുന്നു
നാമൊരേ കടലാണെന്ന്...
സുന്ദരസ്വപ്നാടനം പോലെ
സുദീപ്ത സ്വർഗം പോലെ, സ്വരം പോലെ,
ലയം പോലെ, താളം പോലെ...
പ്രിയരാഗമായി ഗാനമായി
ഗസലിന്റെ ഈണമായി
എൻ പ്രിയനായി സതീർത്ഥ്യനായി
നീ പ്രിയമായി പൊഴിയുമ്പോൾ
പ്രിയനേ,നിൻ
വാക്കിന്റെ വിസ്മയക്കൂടിൽ
വർഷങ്ങൾ പോയതറിയാതെ...
വർഷങ്ങൾ പെയ്തതറിയാതെ...
അന്നു ,
നിന്നെയും കാത്തു
എൻ മയിൽപ്പീലിക്കണ്ണുമായി
മനസ്സിന്റെ വീഥിയിൽ ഞാനിരുന്നു...
പിന്നെ,
വേനലും വർഷവും
ശിശിരവും പോയപ്പോൾ
നിന്റെ വാക്കെന്റെ
ഹൃദയത്തിൻ ചുടുചുവപ്പായി
നിന്റെ വാക്കെന്റെ
നെറുകയിൽ സിന്ദൂരമായി...
ഇന്നു ,ഞാൻ
സുമംഗലിയായി സൗഭാഗ്യയായി,
നിൻ ഉഉർജ്ജരക്തരേണുതൻ
പെറ്റമ്മയായി, പാലമൃതായി
താരാട്ടുപാട്ടായി,പ്രപഞ്ച നിയതിയായി
എൻ ജന്മസാഫല്യമായി...
രാവിന്റെ ഈണങ്ങൾ
മഴയായി പൊഴിയുമ്പോൾ
മന്ദാരപ്പൂവുകൾ മന്ദംഹസിക്കുമ്പോൾ
നീലാംബരികളിൽ നാണംതുളുമ്പുമ്പോൾ.
അണയുന്നു ദീപങ്ങൾ അലങ്കാര വേഷങ്ങൾ
ആർദ്രമായി സാന്ദ്രസംഗീതമായി
നീ എന്നിൽ പൂത്തുലയുമ്പോൾ
അറിയുന്നു ഞാനറിയുന്നു
നാമൊരേ കടലാണെന്ന്...
നിൻ കണ്ഠത്തിലെ ഉഷ്ണജലങ്ങൾ
എൻ ഹൃദയത്തിൻ ഊഷ്മബിന്ദുക്കൾ
നിൻ ചുടു നിശ്വാസങ്ങൾ
എൻ നിർമ്മല വിശ്വാസ സ്നേഹസ്പന്ദനങ്ങൾ
നിൻ പുഞ്ചിരിപ്പൂവുകൾ
എൻ ഹൃദയവാടിയിലെ വർണ്ണവിസ്മയങ്ങൾ
നിൻ പീലിക്കണ്ണുകൾ
എൻ മനസ്സിൻ മുത്തുച്ചിപ്പികൾ
നിൻ ചുംബനപ്രണയരാഗങ്ങൾ
എൻ ഹൃദയതന്ത്രികളിൽ മീട്ടുമ്പോൾ
എന്റെ ചെമ്പകപ്രാവേ...
അറിയുന്നു ഞാനറിയുന്നു
എന്നിലെ പ്രണയജ്വാലയെ...
ഒഴുകുന്നു നാം ഒഴുകുന്നു
ഒരു പുഴയായി ,നദിയായി,നിയതിയായി
ഒരു പ്രാണനായി,പ്രണയമായി,പ്രണവമായി
ഒരു കനവായി ...ഒരേ കടലായി...
......................................
സോഫിയ ഷൈമോൻ
Happy New Year 2018


Comments
Post a Comment